കൊച്ചി: ബംഗളൂരുവിൽ കാനൻ നിയമ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മോൺ. ആന്റണി കാട്ടിപ്പറമ്പിലിനെ തേടി ഇടയനിയോഗ വാർത്ത എത്തിയത്. ഏതാനും ദിവസം മുമ്പ് ഡൽഹിയിലെ അപ്പസ്തോലിക് നുൺഷ്യേച്ചറിൽനിന്നുള്ള അറിയിപ്പ് ലഭിച്ചപ്പോൾ ആശ്ചര്യവും അത്ഭുതവുമായിരുന്നെന്ന് നിയുക്തമെത്രാൻ പറഞ്ഞു.
മുണ്ടംവേലി സെന്റ് ലൂയിസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മോൺ. കാട്ടിപ്പറമ്പിൽ ഇടക്കൊച്ചി അക്വീനാസ് കോളജിൽനിന്നു പ്രീഡിഗ്രിയും കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദവും നേടി. 1986ല്‍ ഫോര്‍ട്ട്കൊച്ചിയിലെ മൗണ്ട് കാര്‍മല്‍ പെറ്റി സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു.
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിൽ തുടർപഠനം. റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയിൽനിന്നു ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1998 ഓഗസ്റ്റ് 15ന് ബിഷപ് ഡോ. ജോസഫ് കുരീത്തറയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഉര്‍ബാനിയ സര്‍വകലാശാലയില്‍നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തിലും കാനന്‍ നിയമത്തിലും ലൈസന്ഷ്യേറ്റുകൾ നേടി.
ഫോര്‍ട്ട്കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്ക, തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി എന്നിവിടങ്ങളിലും രൂപത വിവാഹ ട്രൈബ്യൂണലിൽ നോട്ടറി, പെരുമ്പടപ്പിലെ കൊച്ചിന് ഇ-ലാന്‍ഡ് കംപ്യൂട്ടര്‍ സ്റ്റഡീസിന്റെ അസി. ഡയറക്ടർ എന്നീനിലകളിലും സേവനം ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ പ്രാത്തോയിൽ ഐടി പ്രോജക്ടിലും പ്രവർത്തിച്ചു.